കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് പുലർച്ചെ ആശുപത്രി വിട്ടു. കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റതിനെത്തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കൽ ബോർഡ് യോഗത്തിൽ ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്നും വിലയിരുത്തിയതോടെ മന്ത്രി ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിയുടെ തുടർചികിത്സ അവിടെയായിരിക്കും നടക്കുക.അതേസമയം, ഈ സംഭവത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് സംസ്ഥാനത്ത് കനക്കുകയാണ്. മന്ത്രിയെ വധിക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന വാദത്തിൽ സിപിഐഎം ഉറച്ചുനിൽക്കുമ്പോൾ, ഈ ആരോപണത്തെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നു. മന്ത്രിയെ പ്രതിഷേധക്കാർ നേരിട്ട് കയ്യേറ്റം ചെയ്തെന്ന ആരോപണം തെറ്റാണെന്ന് കെഎസ്‌യുവും യൂത്ത് കോൺഗ്രസും വാദിക്കുന്നു. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുന്നവർക്ക് കെഎസ്‌യു പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ലഭ്യമായ ദൃശ്യങ്ങളിലൊന്നും മന്ത്രിയെ നേരിട്ട് മർദ്ദിക്കുന്നതിന്റെ തെളിവുകളില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ക്യാമ്പയിൻ.
