തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനം വകുപ്പ് ഓഫീസിൽ കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുള്ള ഈ കേസിൽ, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കും. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് ഒരു വാടകവീട്ടിൽ കയറിയ മുള്ളൻപന്നിയെ, വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത് കാത്തുനിൽക്കാതെ ശശി ഇരുമ്പ് വടി കൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയായതിനാൽ, മുള്ളൻപന്നിയെ കൊല്ലുന്നത് ഏഴ് വർഷം വരെ തടവും കാൽലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്.
കേസെടുത്തതിന് പിന്നാലെ ശശി ഒളിവിലാണെന്ന് വനം വകുപ്പ് അവകാശപ്പെട്ടിരുന്നെങ്കിലും, അദ്ദേഹം സെക്രട്ടേറിയറ്റിൽ എത്തിയതും മാധ്യമപ്രവർത്തകനോട് തട്ടിക്കയറിയതും വലിയ വിവാദമായിരുന്നു. ലോഡ്ജിലും പൊതുപരിപാടികളിലും ശശിയുടെ സാന്നിധ്യമുണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ഒടുവിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് കീഴടങ്ങാൻ അദ്ദേഹം തയ്യാറായത്.
