വള്ളത്തിൽ കഞ്ചാവ് കടത്ത്; റീൽസ് താരം 580 ഗ്രാം കഞ്ചാവുമായി പിടിയിൽ

തലയോലപ്പറമ്പ്: കഞ്ചാവ് കടത്തിയ കേസിൽ വള്ളത്തിൽ മീൻപിടിച്ച് റീൽസ് ചെയ്തിരുന്ന ഇൻസ്റ്റാഗ്രാം താരം പോലീസിന്റെ പിടിയിലായി. വെള്ളൂർ വടകര സ്വദേശിയായ അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് 580 ഗ്രാം കഞ്ചാവുമായി പിടിയിലായത്. വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപമുള്ള ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് (DANSAF) അംഗങ്ങളും തലയോലപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.​

ചൂണ്ടയിട്ട് മീൻപിടിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്തിരുന്ന അഭിജിത്ത്, ഈ വള്ളം തന്നെയാണ് കഞ്ചാവ് സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാൻ എത്തിയപ്പോഴാണ് പോലീസ് സംഘം ഇയാളെ വളഞ്ഞത്. പരിശോധനയിൽ വള്ളത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. യുവതികൾ ഉൾപ്പെടെയുള്ള ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനായാണ് ഇത്രയും കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.