രാജ്യത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ ഉതകുന്ന നിർണ്ണായക ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി സുപ്രീം കോടതി. തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെ മൃഗസ്നേഹികളുടെ സംഘടനകളെ കോടതി രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. ജനങ്ങളെ ബോധവൽക്കരിച്ചാൽ നായകളുടെ ആക്രമണം തടയാമെന്ന മൃഗസ്നേഹികളുടെ വാദത്തിന് മറുപടിയായാണ്, “കടിക്കാതിരിക്കാൻ നായ്ക്കൾക്ക് ഇനി കൗൺസിലിംഗ് നൽകുക മാത്രമാണ് പോംവഴി” എന്ന് കോടതി പരിഹാസരൂപേണ പറഞ്ഞത്. സ്കൂളുകൾ, ആശുപത്രികൾ, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നും, നായ്ക്കളുടെ സ്വഭാവം മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമങ്ങൾ നടപ്പിലാക്കുന്നതിൽ അധികൃതർക്ക് വലിയ വീഴ്ച സംഭവിക്കുന്നുണ്ടെന്നും, കേരളം ഉൾപ്പെടെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. നായ്ക്കൾക്കായി സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഉടൻ തന്നെ സമഗ്രമായ ഒരു വിധി ഉണ്ടാകുമെന്നാണ് കോടതി നൽകുന്ന സൂചന.
നായകൾക്ക് കൗൺസിലിംഗ് നൽകേണ്ടി വരുമോ?” മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി
