നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച (2026 മാർച്ച് 26) പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. തൃശൂർ സ്വദേശിയായ രാജേന്ദ്രൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘ഗ്രീഷ്മം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം അറുപതോളം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവനടനായും തിളങ്ങിയിട്ടുണ്ട്.കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു. പ്രശസ്ത നാടക പ്രവർത്തകരായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകൾ സന്ധ്യയാണ് ഭാര്യ. നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരി ഭർത്താവ് കൂടിയായ അദ്ദേഹം കലാരംഗത്ത് വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു. സിനിമാതാരം ദിവ്യദർശൻ മകനാണ്. ഭൗതികദേഹം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലേക്ക് കൊണ്ടുപോകുമെന്നും സംസ്കാരം വെള്ളിയാഴ്ച അവിടെ വെച്ച് നടക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.