പുക കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടു; യാത്രക്കാർ സുരക്ഷിതർ

പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് 148 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുക ഉയർന്നതിനെ തുടർന്ന് ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി. എയർബസ് എ 320 വിഭാഗത്തിൽപ്പെട്ട IX1523 എന്ന വിമാനത്തിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിലെ നിർണ്ണായക ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഏവിയോണിക്സ് ബേയിൽ പുക കണ്ടെത്തിയതോടെ പുക അലാറം മുഴങ്ങുകയായിരുന്നു.​

അപകടസാധ്യത കണക്കിലെടുത്ത് പൈലറ്റ് ഉടൻ തന്നെ അന്താരാഷ്ട്രതലത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ‘മെയ്ഡേ’ (Mayday) സന്ദേശം കൈമാറി. തുടർന്ന് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയും വിമാനം അവിടേക്ക് തിരിച്ചുവിടുകയും ചെയ്തു. വൈകുന്നേരം 5.20-ഓടെ വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.​

വിമാനം നിലത്തിറക്കിയ ഉടൻ തന്നെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. വിമാനത്തിലുണ്ടായിരുന്ന 148 പേർക്കും പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. കൃത്യസമയത്ത് പൈലറ്റ് എടുത്ത തീരുമാനവും വിമാനത്താവളത്തിലെ അടിയന്തര സജ്ജീകരണങ്ങളും വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു.