ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് പോലീസ് കസ്റ്റഡിയിൽ; കാരവൻ പിടിച്ചെടുത്തു

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്; അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസന്വേഷണത്തിൽ നിർണായകമായേക്കാവുന്ന കാരവൻ ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത് കൊച്ചിയിലെത്തിച്ചിട്ടുണ്ട്.​കാരവനിനുള്ളിൽ വെച്ച് സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറി എന്ന യുവനടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ജനുവരി 30-ന് നടന്ന സംഭവത്തിൽ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, തടഞ്ഞുനിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവദിവസം ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കുന്നതിനൊപ്പം കാരവന് പുറത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.