മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് (FEUOK) കടുത്ത നിലപാടുമായി രംഗത്ത്. സിനിമയുടെ നിർമ്മാണ-വിതരണ വിഹിതം വർദ്ധിപ്പിച്ച് ചോദിച്ചതിനെത്തുടർന്നാണ് സംഘടന ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രവുമായി യാതൊരു കരാറിലും ഏർപ്പെടരുതെന്ന് തിയറ്റർ ഉടമകൾക്ക് ഫിയോക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 23-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഭാവി ഈ വിലക്കോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
സാധാരണയായി മലയാള സിനിമകൾക്ക് ആദ്യ ആഴ്ച 60 ശതമാനവും, രണ്ടാം ആഴ്ച 55 ശതമാനവും, മൂന്നാം ആഴ്ച 50 ശതമാനവുമാണ് വിഹിതമായി നൽകി വരുന്നത്. എന്നാൽ, ‘പേട്രിയറ്റി’ന്റെ നിർമ്മാതാക്കൾ ആദ്യത്തെ രണ്ടാഴ്ചയും 60 ശതമാനം വിഹിതം ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവെച്ചത്. ഈ നിരക്കിൽ സിനിമ പ്രദർശിപ്പിക്കുന്നത് തിയറ്റർ നടത്തിപ്പുകാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ഫിയോക്കിന്റെ നിലപാട്. കൂടാതെ, മൾട്ടിപ്ലക്സ് തിയറ്ററുകൾക്ക് കുറഞ്ഞ നിരക്കിലും മറ്റുള്ളവർക്ക് ഉയർന്ന നിരക്കിലുമാണ് നിർമ്മാതാക്കൾ കരാർ നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി, ഈ വിവേചനപരമായ സമീപനത്തെയും ഫിയോക്ക് ശക്തമായി എതിർക്കുന്നു.
