കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം: അന്വേഷണ റിപ്പോർട്ട് പുറത്ത്; കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചയും ചട്ടലംഘനവും

കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിന് കാരണം ഗുരുതരമായ നിർമ്മാണപ്പിഴവുകളും അഗ്നിരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചതുമാണെന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി റിപ്പോർട്ട്. തീപിടുത്തത്തിന്റെ ഉറവിടമായ യുപിഎസ് മുറിയിലും പ്രധാന കെട്ടിടത്തിലുമുള്ള നിരവധി ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും സമിതിയുടെ റിപ്പോർട്ട് എടുത്തുപറയുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പരിഹാര മാർഗ്ഗങ്ങളും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.

കഴിഞ്ഞ മെയ് രണ്ടിന് പിഎംഎസ്എസ്വൈ ബ്ലോക്കിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത അന്വേഷണങ്ങളാണ് നടന്നത്. ഇതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സമിതി സമർപ്പിച്ച നൂറോളം പേജുള്ള റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ.

റിപ്പോർട്ട് പ്രകാരം, എംആർഐ മെഷീന്റെ യുപിഎസ് മുറിയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടായിരുന്നു. 2024 ഡിസംബറിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ബാറ്ററി ബാങ്ക് പൂർണ്ണമായി മാറ്റാൻ നിർദ്ദേശിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ആവശ്യമായ വെന്റിലേഷനോ, അടിയന്തര സാഹചര്യത്തിൽ പുറത്തുകടക്കാനുള്ള വഴിയോ, അഗ്നിശമന സംവിധാനങ്ങളോ ഈ മുറിയിൽ സജ്ജീകരിച്ചിരുന്നില്ല. കെട്ടിടത്തിന്റെ യഥാർത്ഥ ഫയർ സേഫ്റ്റി പ്ലാനിൽ ഇല്ലാതിരുന്ന ഈ മുറി, പിന്നീട് നിയമങ്ങൾ ലംഘിച്ച് നിർമ്മിക്കുകയായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നേരത്തെ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം നടത്തിയ അന്വേഷണത്തിലും സമാനമായ നിർമ്മാണപ്പിഴവുകൾ കണ്ടെത്തിയിരുന്നു. ആ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ട്. സംഭവസമയത്ത് അത്യാഹിത വിഭാഗത്തിലുണ്ടായ അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലും അന്വേഷണം നടന്നിരുന്നു.