ഇൻഡിഗോ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി: എൻജിൻ തകരാർ വില്ലനായി; 161 യാത്രക്കാർ സുരക്ഷിതർ

ദില്ലി: വിശാഖപട്ടണത്തുനിന്ന് 161 യാത്രക്കാരുമായി ഡൽഹിയിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം (6E 579) എൻജിൻ തകരാറിനെത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. ബോയിംഗ് 737-800 വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിലെ റൺവേ 28-ൽ ‘ഫുൾ എമർജൻസി’ പ്രഖ്യാപിക്കുകയും അഗ്നിശമന സേന ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു.

​രാവിലെ 10:53-ഓടെയാണ് അടിയന്തര ലാൻഡിംഗ് സംബന്ധിച്ച സന്ദേശം അധികൃതർക്ക് ലഭിച്ചത്. തുടർന്ന് 11 മണിയോടെ വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 161 യാത്രക്കാരെയും ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. ലാൻഡിംഗിനിടെ വിമാനത്തിന് മറ്റ് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസസ് (DFS) സ്ഥിരീകരിച്ചു. സാങ്കേതിക തകരാറിനെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചു.