കരൂര്‍ ദുരന്തം: വിജയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി; പ്രത്യേക അന്വേഷണ സംഘം

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി, കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. കരൂരില്‍ നടന്നത് മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് നിരീക്ഷിച്ച കോടതി, കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ട് അണികളെ ഉപേക്ഷിച്ച വിജയ്‌ക്ക് നേതൃഗുണം ഇല്ലെന്നും വിമര്‍ശിച്ചു.

അന്വേഷണ ചുമതല വനിത ഐ.പി.എസ്. ഉദ്യോഗസ്ഥയായ അശ്ര ഗാര്‍ഗിനാണ്. വിജയ്‌ക്കും ടി.വി.കെയ്ക്കും എതിരെ അതിശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്.

കോടതിയുടെ നിരീക്ഷണങ്ങൾ:

  • ഇതൊരു മനുഷ്യനിര്‍മിത ദുരന്തമാണ്. കോടതിക്ക് കണ്ണടച്ചിരിക്കാനോ മൂകസാക്ഷിയായി കയ്യുംകെട്ടിയിരിക്കാനോ കഴിയില്ല (ജസ്റ്റിസ് സെന്തിൽകുമാര്‍).
  • സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മരിക്കുമ്പോള്‍ ഒരു നേതാവ് എങ്ങനെയാണ് അവിടെ നിന്ന് ഓടിപ്പോകുന്നത്? സ്വന്തം അണികളോട് പോലും താത്പര്യമില്ലാത്ത എന്തുതരം നേതാവാണിത്?
  • നേതാവ് അപ്രത്യക്ഷനായി, ഒളിച്ചോടി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിട്ടും, മാപ്പ് പറയാൻ പോലും തയ്യാറാകാത്ത നേതാവിന് പശ്ചാത്താപമില്ല. ഇത് അദ്ദേഹത്തിന്റെ മനോനിലയെയാണ് വ്യക്തമാക്കുന്നത്.
  • സംസ്ഥാന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിൽ എന്ത് തടസ്സമാണ് നേരിട്ടതെന്ന് കോടതി ചോദിച്ചു.

മറ്റ് സംഭവവികാസങ്ങൾ:

  • സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവും ദേശീയ മക്കൾ ശക്തി കക്ഷിയും നൽകിയ ഹർജികൾ മധുര ബെഞ്ച് തള്ളി. ദുരന്തത്തിൽപ്പെട്ട സാധാരണക്കാര്‍ ഹർജി നൽകിയാൽ കേൾക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
  • ടി.വി.കെ. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവര്‍ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനായി മാറ്റി. പരിപാടി സംഘടിപ്പിച്ചത് താനല്ല, പാർട്ടി ജില്ലാ സെക്രട്ടറി മതിയാളകൻ ആണെന്ന ബുസി ആനന്ദിന്റെ വാദം കോടതിയെ അമ്പരപ്പിച്ചു.
  • അതിനിടെ, കരൂരിലേക്ക് ഉടൻ എത്തുമെന്നും മുന്നൊരുക്കങ്ങൾക്കായി 20 അംഗ സമിതി രൂപീകരിക്കണമെന്നും പാർട്ടി നേതാക്കളുടെ യോഗത്തിൽ വിജയ് നിര്‍ദ്ദേശിച്ചു.