പ്ലസ് വൺ പരീക്ഷാ പേപ്പർ പാക്കറ്റുകൾ പൊട്ടിയ നിലയിൽ; മുഴുവൻ സെറ്റും പിൻവലിക്കാൻ ഉത്തരവ്

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ചോദ്യപേപ്പറുകൾ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളിലെ മുഴുവൻ പേപ്പറുകളും പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിലാണ് മാർച്ച് 11-ലെ അറബിക് പരീക്ഷയുടെയും മാർച്ച് 21-ലെ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പർ പാക്കറ്റുകൾ തുറന്ന നിലയിൽ കണ്ടത്. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കാനും പുതിയവ വിതരണം ചെയ്യാനും തീരുമാനിച്ചത്.​ചോദ്യപേപ്പറുകൾ അച്ചടിച്ച പ്രസ്സ് അധികൃതർ സ്വന്തം ചെലവിൽ പുതിയ പേപ്പറുകൾ തയ്യാറാക്കി ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇവ ഏറ്റുവാങ്ങാനും വ്യാഴാഴ്ച മുതൽ എല്ലാ സ്കൂളുകളിലും അടിയന്തരമായി എത്തിക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വിതരണത്തിനായി കവചിത വാഹനങ്ങൾ വാടകയ്‌ക്കെടുക്കാനും ആവശ്യമായ തുക മുൻകൂറായി അനുവദിക്കാനും പരീക്ഷാ കമ്മീഷണർ നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും രണ്ട് സ്കൂളുകളിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.