കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ശങ്കേഴ്സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വടകരയിൽ നിന്ന് തുടർച്ചയായി ആറ് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ടെലികോം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ. കോൺഗ്രസ് രാഷ്ട്രീയത്തിലെ പിളർപ്പിനെത്തുടർന്ന് കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) വിഭാഗങ്ങളിൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം, രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്സ് അഴിമതി എന്നിവ പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1991-ലെ ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. 1993-ലാണ് അദ്ദേഹം വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്.
