കോഴിക്കോട് : മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വലിയൊരു സാമ്പത്തിക ബാധ്യത പാർട്ടി നേതൃത്വം ഇടപെട്ട് പരിഹരിച്ചു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലുണ്ടായിരുന്ന 49 ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയാണ് മുസ്ലിം ലീഗ് അക്കൗണ്ടിൽ നിന്നും പണമടച്ച് തീർത്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്.
മുപ്പത് വർഷത്തിലേറെ നീണ്ട സജീവമായ പാർലമെന്ററി രാഷ്ട്രീയ ജീവിതത്തിന് ശേഷം അദ്ദേഹം കളം ഒട്ടുമ്പോൾ വലിയ കടബാധ്യതകളും ജപ്തി ഭീഷണിയുമായിരുന്നു നേരിട്ടിരുന്നത്. മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച്. മുഹമ്മദ് കോയ പണിത നടക്കാവിലെ ‘ക്രെസെന്റ് ഹൗസ്’ എന്ന വീട് ജപ്തിയുടെ നിഴലിലായിരുന്നു. 58 ലക്ഷം രൂപയായിരുന്ന കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി 48 ലക്ഷം രൂപയായി കുറച്ചിരുന്നെങ്കിലും, അത് അടച്ചുതീർക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാർച്ച് 31-നകം പണമടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്ക് അറിയിച്ച സാഹചര്യത്തിലാണ് പാർട്ടി രക്ഷക്കെത്തിയത്.
ചരിത്രപരമായ ഏറെ പ്രാധാന്യമുള്ള ഇടമാണ് ഈ വീട്. സി.എച്ച്. മുഹമ്മദ് കോയയുടെ ഖബറിടത്തിന് അരികിലുള്ള ഈ വീട്, മുസ്ലിം ലീഗിന്റെ പല നിർണ്ണായക തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുനീർ പിന്നീട് ഈ വീട് പുതുക്കിപ്പണിയുകയായിരുന്നു. മുൻപ് സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ചപ്പോഴും സമാനമായ രീതിയിൽ കടബാധ്യതകൾ ഉണ്ടാവുകയും പാർട്ടി ഇടപെട്ട് അത് തീർക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അതേ മാതൃകയിൽ മകന്റെയും ബാധ്യതകൾ പാർട്ടി ഏറ്റെടുത്തിരിക്കുകയാണ്.
