കേന്ദ്രസർക്കാർ അവശ്യവസ്തു നിയമം (1955) പ്രകാരം പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ വിതരണത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. ‘2026-ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ്’ എന്ന പേരിൽ മാർച്ച് 9-ന് പുറത്തിറക്കിയ ഈ വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിലവിൽ വന്നു.
ഗ്യാസ് ഉപഭോക്താക്കളെ വിവിധ മുൻഗണനാ വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ക്രമീകരണം നടപ്പിലാക്കുന്നത്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള പൈപ്പ് നാച്ചുറൽ ഗ്യാസ് (PNG), വാഹനങ്ങളിൽ ഉപയോഗിക്കുന്ന സി.എൻ.ജി (CNG), എൽ.പി.ജി ഉത്പാദനം, പൈപ്പ്‌ലൈൻ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം പാചകവാതക വിതരണം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ ഹോട്ടലുകൾക്ക് ഗ്യാസ് ലഭ്യമാകുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. എന്നാൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ ഗ്യാസ് ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് 25 ദിവസത്തെ ഇടവേള കഴിഞ്ഞ ദിവസം മുതൽ നിർബന്ധമാക്കിയിരുന്നു. വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന പ്രത്യേക സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പരാതികൾ ഈ സമിതിയാകും പരിശോധിക്കുക.
