കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിക്കുകയും ബജറ്റ് വകയിരുത്തലോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് വ്യക്തമാക്കുകയും ചെയ്തു.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് വന്നത്. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും സംബന്ധിച്ച് ജനാഭിപ്രായം ശേഖരിക്കാനെന്ന പേരിൽ നവകേരള സർവ്വേ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായി ഒരു പോർട്ടൽ ഒരുക്കി വോളന്റിയർമാരെ രജിസ്റ്റർ ചെയ്ത് വീടുകൾ കയറി വിവരശേഖരണം നടത്തുകയും ചെയ്തു.
എന്നാൽ സിപിഎം പ്രവർത്തകരെ ഉൾപ്പെടുത്തി രാഷ്ട്രീയ ലക്ഷ്യത്തോടെ പരിപാടി നടത്തുകയാണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ ഏകദേശം 80 ലക്ഷം വീടുകളിൽ സർവ്വേ നടത്താനായിരുന്നു പദ്ധതി.
കോളേജ് വിദ്യാർത്ഥികളെയും സർവ്വേ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാൻ നിർദേശം നൽകിയിരുന്നു. പദ്ധതി ആരംഭം മുതൽ തന്നെ പ്രതിപക്ഷം ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിപാടിയാണിതെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇടതുമുന്നണിയുടെ അജണ്ട നടപ്പാക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
