കേരളത്തിൽ മാറ്റം അനിവാര്യം; വികസനം ഉറപ്പാക്കാൻ എൻഡിഎയ്ക്ക് അവസരം നൽകണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന് ‘മോദിയുടെ ഗ്യാരണ്ടി’ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ജയ് കേരളം, ജയ് വികസിത കേരളം” എന്ന മുദ്രാവാക്യത്തോടെ പ്രസംഗം ആരംഭിച്ച അദ്ദേഹം, ഇരുമുന്നണികളും ഒന്നാണെന്നും വികസിത കേരളം സൃഷ്ടിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളൂ എന്നും അവകാശപ്പെട്ടു. എൻഡിഎ അധികാരത്തിലെത്തിയാൽ അഴിമതി മാഫിയയെയും, ചുവപ്പുനാട മാഫിയയെയും, ഹർത്താൽ മാഫിയയെയും

തുടച്ചുനീക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.​ കേരളത്തിലെ യുവാക്കളെ എൽഡിഎഫും യുഡിഎഫും വഞ്ചിച്ചതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡ്രോൺ സാങ്കേതിക വിദ്യയിലടക്കം ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് കോൺഗ്രസിന് അറിവില്ല. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ കേരളത്തിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമെന്നും സംസ്ഥാനത്തെ എഐ (Artificial Intelligence) സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.​

ക്ഷേമപദ്ധതികളും വികസനവുംമത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകിയത് കേന്ദ്ര സർക്കാരാണെന്ന് മോദി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം ഈ മേഖലയോടുള്ള പരിഗണനയുടെ തെളിവാണ്. തൃശൂരിലെയും തിരുവനന്തപുരത്തെയും ജനങ്ങൾ എൻഡിഎയെ വിശ്വാസത്തിലെടുത്തു കഴിഞ്ഞു, ഇനി മുഴുവൻ കേരളവും ആ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.