ചരിത്രപരമായ വിധി: 13 വർഷമായി കോമയിലായിരുന്ന യുവാവിന് സുപ്രീംകോടതി ദയാവധം അനുവദിച്ചു

​ദില്ലി: രാജ്യചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് ദയാവധം (Passive Euthanasia) അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രപരമായ ഉത്തരവ്. 13 വർഷമായി അബോധാവസ്ഥയിൽ (കോമ) കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസ്സായി മരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ടെന്ന് സുപ്രീംകോടതി ഈ വിധിയിലൂടെ അടിവരയിട്ടു.​

2013-ൽ ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് പഠിക്കുന്നതിനിടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതായിരുന്നു ഹരീഷ് റാണ. അന്നുതതൽ യന്ത്രസഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. മകൻ ജീവിതത്തിലേക്ക് തിരികെ വരാൻ ഒരു സാധ്യതയുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ്, അവന്റെ ദുരിതം അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി വൃദ്ധരായ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ അവസ്ഥ കണ്ടുനിൽക്കാൻ തങ്ങൾക്ക് ശേഷിയില്ലെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലെന്നും അവർ കോടതിയെ അറിയിച്ചു.​

ജസ്റ്റിസ് ജെ.പി. പർദ്ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. ഹരീഷിനെ പരിചരിക്കുന്നതിൽ കുടുംബം കാണിച്ച നിസ്വാർത്ഥതയെ ജസ്റ്റിസ് പർദ്ദിവാല പ്രശംസിച്ചു. അന്തസ്സായ മരണം ഓരോ വ്യക്തിയുടെയും അവകാശമാണെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ നിരീക്ഷിച്ചു. 2018-ൽ സുപ്രീംകോടതി ദയാവധം നിയമവിധേയമാക്കിയതിന് ശേഷം രാജ്യത്ത് ഇത്തരമൊരു അനുമതി നൽകുന്ന ആദ്യത്തെ വിധിയാണിത്.​

ഹരീഷ് റാണയുടെ ചികിത്സ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി അദ്ദേഹത്തെ എയിംസിലെ (AIIMS) പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിക്കാനും ദയാവധം നടപ്പിലാക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കാനും കോടതി ഉത്തരവിട്ടു. കേസിൽ ഹരീഷിന്റെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായത് മലയാളി അഭിഭാഷക രശ്മി നന്ദകുമാറാണ്.