അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ കേസ്; പോളിങ്ങ് ബൂത്തിൽ നിരോധനാജ്ഞ ലംഘിച്ചതായി പൊലീസ്
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ് ബൂത്തിലെ നിരോധനാജ്ഞ ലംഘിച്ചതിനാണ് പൂച്ചാക്കൽ പൊലീസ് നടപടിയെടുത്തത്. ഷാനിമോളിന് പുറമെ നിരോധന ഉത്തരവ് ലംഘിച്ച എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോളിങ് സമയം അവസാനിച്ചാൽ ബൂത്തിനകത്ത് പ്രവേശിക്കാൻ ആർക്കും അനുവാദമില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടം സ്ഥാനാർത്ഥി ലംഘിച്ചതായാണ് റിപ്പോർട്ട്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ഷാനിമോൾ ഉസ്മാൻ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നിയമലംഘനത്തിന് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.
