ബീഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട ഒരു സുപ്രധാന അധ്യായത്തിന് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15-ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങിന് ശേഷം അദ്ദേഹം പട്നയിലേക്ക് മടങ്ങുമെങ്കിലും, രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത് സംസ്ഥാനത്തെ അടുത്ത സർക്കാർ രൂപീകരണ പ്രക്രിയയിലേക്കാണ്.
ബീഹാറിന്റെ ചരിത്രത്തിലാദ്യമായി ബിജെപിയിൽ നിന്നുള്ള ഒരു മുഖ്യമന്ത്രി അധികാരമേൽക്കാനുള്ള സാധ്യതകൾ തെളിഞ്ഞതോടെ, ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് ഡൽഹിയിൽ നിർണ്ണായക യോഗം ചേരും. ഇതിന്റെ ഭാഗമായി നിതീഷ് കുമാർ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും കേന്ദ്ര നേതാക്കളെ കാണാനായി ഇതിനോടകം തന്നെ ദേശീയ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. സംസഥാനത്തെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഈ യോഗത്തിന് ശേഷം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
