തിരുവനന്തപുരം : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എൽഡിഎഫ് നേതാവുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ചു. 1990-ൽ നടന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസിന്റെ ആധാരം. കുറ്റപത്രം സമർപ്പിച്ച് നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് ഈ നിർണ്ണായക വിധി പുറത്തുവരുന്നത്.ആന്റണി രാജുവിനൊപ്പം കോടതി ക്ലർക്കായിരുന്ന ജോസും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, പൊതുസേവകന്റെ നിയമലംഘനം തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ പല വകുപ്പുകൾ പ്രകാരവും ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന ശിക്ഷയാണ് പ്രതികൾ നേരിടുന്നത്.
തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി
