കണ്ണൂർ: ദിവസങ്ങൾ നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കെ. സുധാകരൻ കണ്ണൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായിരുന്ന സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന ടി.ഒ. മോഹനനെ മാറ്റിയായിരിക്കും സുധാകരന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്ന് ദില്ലിയിലെത്തിയ സുധാകരൻ നേതൃത്വവുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. എ.കെ. ആന്റണി, രമേശ് ചെന്നിത്തല എന്നിവരുടെ ഇടപെടലുകളാണ് സുധാകരനെ അനുനയിപ്പിക്കുന്നതിൽ നിർണ്ണായകമായത്. കടുത്ത നിലപാടുകൾ ഒഴിവാക്കണമെന്നും മൂന്നാം പിണറായി സർക്കാർ വരുന്നത് തടയണമെന്നും ആന്റണി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. തീരുമാനമായ സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനം സുധാകരൻ റദ്ദാക്കിയിട്ടുണ്ട്.
വിജയമുറപ്പിച്ച ആവേശത്തോടെ നാളെ കണ്ണൂരിലെത്തുന്ന കെ. സുധാകരന് വൻ സ്വീകരണമാണ് അനുയായികൾ ഒരുക്കുന്നത്. എയർപോർട്ട് മുതൽ റോഡ് ഷോ ആയി അദ്ദേഹത്തെ ആനയിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതോടെ വലിയ ആത്മവിശ്വാസത്തിലാണ് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ.
