കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് സംഘം നടത്തിയ കർശന പരിശോധനയിൽ 37 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതിയും സുഹൃത്തും പിടിയിലായി. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരെയാണ് കോതമംഗലം എക്സൈസ് റെയ്ഞ്ച് സംഘം പിടികൂടിയത്. ബംഗളൂരുവിൽനിന്ന് എത്തിച്ച ലഹരിമരുന്ന് കോതമംഗലത്തെ വിവിധ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനായിരുന്നു ഇവരുടെ നീക്കമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കോതമംഗലത്തെ ഒരു പ്രൊഫഷണൽ കോളേജിൽ പഠിക്കാനായെത്തിയ റിസാന ഫാത്തിമ പിന്നീട് പഠനം ഉപേക്ഷിച്ച് ലഹരി വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. പ്രതികൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽനിന്ന് ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിദിനം 3,000 രൂപയിലധികം വാടകയുള്ള ആഡംബര ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി ഇടപാടുകൾ നടന്നിരുന്നത്.
പിടിക്കപ്പെട്ട പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും എക്സൈസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
