വിമാനയാത്രക്കാർക്ക് തിരിച്ചടി: ആഭ്യന്തര ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി; നാളെ മുതൽ യാത്രയ്ക്ക് ചെലവേറും

തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിക്കുന്നതോടെ വിമാനയാത്രയ്ക്ക് ചെലവേറും. ഇതോടെ വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ സ്വതന്ത്രമായി നിശ്ചയിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം ലഭിക്കും. നേരത്തെ ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് നിരക്കുകൾ അനിയന്ത്രിതമായി ഉയർന്ന സാഹചര്യത്തിലാണ് 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ നിരക്കുകൾക്ക് പരിധി (Fare Cap) ഏർപ്പെടുത്തിയത്. ദൂരത്തിന്റെ അടിസ്ഥാനത്തിൽ വൺവേ ഇക്കണോമി ടിക്കറ്റുകൾക്ക് പരമാവധി 18,000 രൂപയായിരുന്നു അന്ന് നിശ്ചയിച്ചിരുന്ന ഉയർന്ന പരിധി.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് (ATF) വില വർദ്ധിച്ചത് വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. നിരക്ക് നിയന്ത്രണം തുടരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് നിയന്ത്രണം നീക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്

ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് നൽകിയെങ്കിലും, അമിതമായ നിരക്ക് വർദ്ധനവ് ഉണ്ടാകുന്നുണ്ടോ എന്ന് സർക്കാർ നിരീക്ഷിക്കും. തിരക്കേറിയ സമയങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ അന്യായമായ നിരക്ക് ഈടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.