മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം: നാല് മലയാളികൾ മരിച്ചു

മൈസൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇന്ന് പുലർച്ചെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ചന്നപട്ടണയ്ക്ക് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസ് എന്ന സ്വകാര്യ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.​

കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് നിസാര പരിക്കുകളേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ചന്നപട്ടണയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.