ആറ് വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത; വായിൽ തുണി തിരുകി മർദ്ദനം, പൊലീസിനെതിരെ ആരോപണവുമായി പിതാവ്

കാസർഗോഡ്: ആറ് വയസുകാരനെ രണ്ടാനച്ഛൻ ഷൗക്കത്തലി ക്രൂരമായി മർദിച്ച സംഭവത്തിൽ മനസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയെ ഇയാൾ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ഇരയായ ബാലൻ തന്നെ മൊഴി നൽകി. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്ത് ആഞ്ഞടിക്കുക, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുക, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിക്കുക തുടങ്ങി അതിക്രൂരമായ രീതിയിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കുട്ടി കരയുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം മർദ്ദനം തുടരുകയും, ഉറങ്ങിക്കിടക്കുമ്പോൾ പോലും ഉപദ്രവിക്കുകയും ചെയ്തിരുന്നതായും മൊഴിയിലുണ്ട്.​

മർദ്ദനത്തിന്റെ ആഘാതത്തിൽ കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും പച്ച നിറത്തിലുള്ള പാടുകൾ തെളിഞ്ഞു നിൽക്കുന്നുണ്ട്. ശരീരത്തിലും തലയിലും നിരവധി മുറിവുകളുമുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ആരോഗ്യനിലയും പീഡനവിവരങ്ങളും അതോറിറ്റി വിശദമായി പരിശോധിച്ചു വരികയാണ്.​

അതേസമയം, കേസന്വേഷണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തി. പ്രതിക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും, ഇതുമൂലം പ്രതിക്ക് പെട്ടെന്നുതന്നെ ജാമ്യം ലഭിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചതായും ആരോപിച്ച പിതാവ്, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.