തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാപ്പ (KAAPA) കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ച് നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി. വി. രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ജയിലിലെ ഈ അസാധാരണ സത്യപ്രതിജ്ഞാ ചടങ്ങ്. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് കോടതിയുടെ കടമയാണെന്നും, ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ ഇത്തരം അസാധാരണ തീരുമാനങ്ങൾ കോടതിക്ക് എടുക്കാമെന്നും, ജനവിധി മാനിക്കാനാണ് ഈ തീരുമാനമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ ഇരുപതാം വാർഡ് കൗൺസിലറാണ് ആർ. സുഗതൻ. നേരത്തെ ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമത്തി തടവിലാക്കപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
