കണ്ണൂർ: എളയാവൂരിലെ ദേശീയപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. മണ്ണുപാളികൾക്കിടയിലെ വഴുതിമാറൽ (Wedge movement) എന്ന പ്രതിഭാസമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എല്ലാ ദിവസവും സുരക്ഷാ പരിശോധന നടത്താനും, അതിന്റെ റിപ്പോർട്ട് ദിവസവും വൈകീട്ട് സമർപ്പിക്കാനും കളക്ടർ നിർദേശം നൽകി. അതേസമയം, എളയാവൂരിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് NHAI വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ജിയോളജിസ്റ്റിനോടും കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് വർഷം മുൻപ് വൻ മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് ഇന്ന് രാവിലെ 6 മണിയോടെ സംരക്ഷണ ഭിത്തി തകർന്ന് 15 അടിയോളം താഴ്ചയിലേക്ക് വീണ്ടും മണ്ണ് ഇടിഞ്ഞുപോയത്. 2023 ജൂലൈയിലുണ്ടായ വലിയ മണ്ണിടിച്ചിലിനെ തുടർന്ന്, നാട്ടുകാരുടെ പ്രതിഷേധം മൂലമായിരുന്നു ഇവിടെ സംരക്ഷണ ഭിത്തി നിർമിച്ച് മുകൾ ഭാഗത്ത് മണ്ണ് നിറച്ചിരുന്നത്. ഈ നിർമിതിയാണ് ഇപ്പോൾ തകർന്നുവീണത്. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് സംരക്ഷണ ഭിത്തി തകരാൻ ഇടയാക്കിയതെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും എം.എൽ.എ ടി.ഒ. മോഹനനും ആരോപിച്ചു.
