അതിജീവനത്തിന്റെ കരുതലുമായി ടൗൺഷിപ്പ്; 178 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി.

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിർമ്മിച്ച പുതിയ ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ കൈമാറ്റവും പട്ടയ വിതരണവുമാണ് ചടങ്ങിൽ നടന്നത്. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ എല്ലാവർക്കും സുരക്ഷിതമായ വീടുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ ഉറപ്പുനൽകി. വരും മാസങ്ങൾക്കുള്ളിൽ തന്നെ ബാക്കിയുള്ളവർക്കും വീടുകൾ കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

​പുനരധിവാസ പ്രവർത്തനങ്ങളിൽ സഹകരിച്ച സന്നദ്ധപ്രവർത്തകരെയും വ്യക്തികളെയും മുഖ്യമന്ത്രി പ്രശംസിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഒട്ടേറെ പേർ മുന്നോട്ടുവന്നെന്നും വാഗ്ദാനം ചെയ്ത സഹായങ്ങൾ പലരും കൃത്യമായി നിറവേറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടനത്തിന് മുന്നോടിയായി ടൗൺഷിപ്പിൽ പൂർത്തിയായ വീടുകൾ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ചു വിലയിരുത്തി.​

ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെയായിരുന്നു പട്ടയ വിതരണം നടന്നത്. ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ അവ്യക്തിനാണ് മുഖ്യമന്ത്രി ആദ്യ പട്ടയം കൈമാറിയത്. ടൗൺഷിപ്പ് ഉദ്ഘാടനത്തോടൊപ്പം കൽപ്പറ്റ ജനറൽ ആശുപത്രിയുടെ പുതിയ അനെക്സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ദുരന്തബാധിതർക്ക് പുതിയൊരു ജീവിതം കരുപിടിപ്പിക്കാനുള്ള സർക്കാരിന്റെ കരുതലായാണ് ഈ ടൗൺഷിപ്പ് സമർപ്പിക്കപ്പെട്ടത്