കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന് ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.
പ്രത്യേക അന്വേഷണ സംഘം (SIT) 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. പത്മകുമാറിനെ കൂടാതെ കേസിലെ മറ്റ് ഏഴ് പ്രതികളും ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. ഇതിൽ ഒന്നാം പ്രതിയായ മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം അഞ്ച് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
കേസിലെ മറ്റ് പ്രമുഖരായ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ, തന്ത്രി കണ്ഠരര് രാജീവര്, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവർക്ക് നേരത്തെ സാധാരണ ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രം വൈകുന്നത് പ്രതികൾക്ക് നിയമപരമായ ആനുകൂല്യം ലഭിക്കാൻ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
