തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തിൽ ഒരു ഗാർഹിക സിലിണ്ടറിന്റെ പുതുക്കിയ വില 922 രൂപയായി ഉയർന്നു. ഗാർഹിക സിലിണ്ടറുകൾക്ക് പുറമെ വാണിജ്യ സിലിണ്ടറുകളുടെ വിലയിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ ഈ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പശ്ചിമേഷ്യയിലെ നിലവിലത്തെ യുദ്ധസാഹചര്യമാണ് ഈ വിലവർധനവിന് കാരണമായതെന്ന് അധികൃതർ സൂചിപ്പിക്കുന്നു. അതേസമയം, വില വർധിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടാകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
