തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ ‘കുംഭമേള പെൺകുട്ടി’ മൊണാലിസ ഭോസ്ലെയും (18) മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും വിവാഹിതരായി. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി ഇവർ കേരളത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും ഫർമാനും ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇവരുടെ ബന്ധത്തെ മൊണാലിസയുടെ പിതാവ് ശക്തമായി എതിർത്തു. മറ്റൊരു വിവാഹത്തിന് പിതാവ് നിർബന്ധിച്ചതോടെയാണ് സുരക്ഷിതമായി ജീവിക്കാൻ ഇരുവരും കേരളം തിരഞ്ഞെടുത്തത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തങ്ങൾക്ക് സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഇങ്ങോട്ടേക്ക് വന്നതെന്ന് ഇവർ പറഞ്ഞു.
ഒരു സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ മൊണാലിസ, പിതാവ് തന്നെ നിർബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് കാട്ടി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മൊണാലിസയ്ക്ക് പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് വിവാഹത്തിന് വഴിതെളിഞ്ഞത്. മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖർ വിവാഹ ചടങ്ങിൽ സംബന്ധിച്ചു
“കേരളം വളരെ സുന്ദരമാണ്, ഇവിടെ ഞങ്ങൾ സുരക്ഷിതരാണെന്ന് തോന്നുന്നു. ഇവിടെത്തന്നെ തുടരാനാണ് ഞങ്ങളുടെ ആഗ്രഹം,” എന്ന് വിവാഹശേഷം മൊണാലിസ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മന്ത്രി വി. ശിവൻകുട്ടി, ഇത് സംസ്ഥാനത്തിന് അഭിമാന നിമിഷമാണെന്നും ഇതാണ് ‘യഥാർത്ഥ കേരള സ്റ്റോറി’ എന്നും വിശേഷിപ്പിച്ചു.
2025-ലെ പ്രയാഗ്രാജ് മഹാകുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങൾ വൈറലായതോടെയാണ് മൊണാലിസ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. നിലവിൽ ‘നാഗമ്മ’ എന്ന മലയാള സിനിമയിൽ അഭിനയിച്ചുവരികയാണ് താരം.
