രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി കേന്ദ്രം

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചില്ലറ വിൽപന വില ഉയർത്താതെ തന്നെ സാഹചര്യം നേരിടാനാണ് നീക്കം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് ഇന്ധനവില കൂടുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ വിശദീകരണം. കുറഞ്ഞ നിരക്കിൽ ലഭ്യമാണെങ്കിൽ റഷ്യയിൽ നിന്ന് കൂടുതൽ എൽ.എൻ.ജി (LNG) വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സൗദിയിലെ യൻബുവിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.​

ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയിൽ നിന്നുള്ള വിഹിതം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസത്തിലും ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത് റഷ്യയിൽ നിന്നാണ്; മുൻ മാസങ്ങളേക്കാൾ 20 ശതമാനം വർധനയാണ് ഇതിലുണ്ടായിരിക്കുന്നത്. എവിടെ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിച്ചാലും അവിടെ നിന്ന് ക്രൂഡ് ഓയിൽ ശേഖരിക്കുമെന്നും ദേശീയ താൽപര്യം മാത്രമാണ് ഇതിൽ മാനദണ്ഡമെന്നും സർക്കാർ വ്യക്തമാക്കി. ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലൂടെ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം തടയാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.