കോതമംഗലം: ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മാണം കോടതി നിർദ്ദേശങ്ങൾ കൂടി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട ആൻ്റണി ജോൺ എംഎൽഎയുടെ സബ് മിഷൻ മറുപടിയായിട്ടാണ് മന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
എംഎൽഎ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചിരുന്നു. വിഷയത്തിൽ ചില പരിശോധനകൾ പൊതുമരാമത്ത് വകുപ്പ് നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഈ റോഡുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഉള്ള റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിന് ഹൈലെവൽ എക്സ്പേർട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു.
തഹസിൽദാർമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ഉൾപ്പെട്ട സബ് ലെവൽ കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കോടതി നിർദ്ദേശം കൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുവാൻ കഴിയും. ആലുവ – മൂന്നാർ രാജപാത യാഥാർത്ഥ്യമായാൽ അത് കേരളത്തിൻ്റെ കാർഷിക – ടൂറിസം മേഖലയ്ക്ക് വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കുന്ന ഒന്നായി മാറും. ആലുവയിൽ നിന്നും മൂന്നാറിലേക്ക് 20 കിലോമീറ്ററോളം ദൂരം കുറഞ്ഞു കിട്ടും.
അതോടൊപ്പം ഈ മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അത് ഗുണകരമായി മാറുന്നതാണ്. അതുകൊണ്ട് തന്നെ വനംവകുപ്പുമായി ഉൾപ്പെടെ തുടർന്ന് സംസാരിച്ച് ഇതിൻ്റെ സാധ്യതകൾ തുടർന്നും പരിശോധിക്കുമെന്ന് മന്ത്രി സബ്മിഷന് മറുപടിയായി നിയമസഭയിൽ അറിയിച്ചു.
