ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന വിവാദ പരാമർശത്തെത്തുടർന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നുമുള്ള ശോഭയുടെ പ്രസ്താവനക്കെതിരെയാണ് സംഘടന നിയമനടപടി സ്വീകരിച്ചത്. അഡ്വ. അമീൻ ഹസ്സൻ മുഖേന ജമാാത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിനായി പണം നൽകിയെന്ന ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശോഭ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സംഘടനക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കുന്നു. വോട്ടിന് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.
തനിക്കെതിരെയുള്ള പരാമർശങ്ങൾ തിരുത്തി മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. തെറ്റായ ആരോപണങ്ങളിലൂടെ സംഘടനയുടെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചതിനെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ തീരുമാനം.
