അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ ഇറാൻ ഔദ്യോഗികമായി അംഗീകരിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനത്തിന് വഴിതുറന്നത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ തങ്ങളുടെ സായുധ സേനയും പ്രതിരോധ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ലോകത്തിന് വലിയ ഭീഷണിയായേക്കാവുന്ന സൈനിക നീക്കങ്ങൾ നടക്കുമെന്ന് സൂചനകൾ നിലനിൽക്കെയാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ നിർണ്ണായകമായ ഈ സമാധാന കരാറിൽ ഇരു രാജ്യങ്ങളും എത്തിയത്. കരാറിലെ പ്രധാന വ്യവസ്ഥ പ്രകാരം, തടസ്സപ്പെട്ടിരുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ ഉടനടി തുറന്നുനൽകും. ഈ രണ്ടാഴ്ചത്തെ സമയം ഇറാനുമായുള്ള സ്ഥിരമായ ഒരു അന്തിമ കരാറിലെത്താൻ ഉപയോഗിക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫിന്റെ പ്രത്യേക അഭ്യർത്ഥനയും ഈ തീരുമാനത്തിൽ നിർണ്ണായകമായി. തങ്ങൾ മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്താമെന്ന അമേരിക്കയുടെ ഉറപ്പ് പരിഗണിച്ചാണ് ഇറാൻ വെടിനിർത്തലിന് തയ്യാറായത്. വരും ദിവസങ്ങളിൽ നടക്കുന്ന ഉന്നതതല ചർച്ചകൾ മേഖലയിലെ സംഘർഷത്തിന് ശാശ്വത പരിഹാരം കാണുമെന്നാണ് നയതന്ത്ര ലോകം പ്രതീക്ഷിക്കുന്നത്.
