കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്നും വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കോളജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. നിതിനെ അധ്യാപകർ മാനസികമായി ഉപദ്രവിച്ചിരുന്നതായും ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും അച്ഛൻ രാജൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന കുടുംബം, മരണത്തിന് പിന്നിൽ ഈ മാനസിക പീഡനങ്ങളാണെന്ന് ആരോപിക്കുന്നു.
വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്ന് ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ കോളേജ് മാനേജ്മെന്റ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിക്കുകയാണ്.
നിലവിൽ ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സസ്പെൻഷനിലായ ഡോ. റാം, ഡോ. സംഗീത എന്നിവരിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും. നിതിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.
