വനിതാ സംവരണ ബിൽ: എല്ലാ പാർട്ടികളുടെയും പിന്തുണ തേടി പ്രധാനമന്ത്രി; കോൺഗ്രസിൽ അനിശ്ചിതത്വം

ദില്ലി: വനിതാ സംവരണ ഭേദഗതി ബിൽ രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് എല്ലാ എംപിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. സ്ത്രീ ശാക്തീകരണം വികസിത ഇന്ത്യയിലേക്കുള്ള പ്രയാണം വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബില്ലിന്മേൽ സമവായം ആവശ്യപ്പെട്ടുകൊണ്ട് പ്രധാന പത്രങ്ങളിൽ അദ്ദേഹം ലേഖനം എഴുതുകയും ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പുറത്തിറക്കുകയും ചെയ്തു. 2029 മുതലുള്ള പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം നടപ്പാക്കേണ്ടതുണ്ടെന്നും ഇത് ഇനിയും വൈകിപ്പിക്കാൻ കഴിയില്ലെന്നും മോദി ചൂണ്ടിക്കാട്ടി.​

അതേസമയം, വിഷയത്തിൽ സർക്കാരുമായി സഹകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ വ്യക്തമായ നിലപാട് എടുത്തിട്ടില്ല. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കില്ലെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക നിലപാട്. ബില്ലിന്റെ കാര്യത്തിൽ പാർട്ടി നിലപാട് തീരുമാനിക്കുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി ഉടൻ യോഗം ചേരും. പ്രതിപക്ഷ നിരയിൽ ഭിന്നതയുണ്ടാക്കാനാണ് സർക്കാർ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സമവായത്തിനായി പ്രധാനമന്ത്രി അഭ്യർത്ഥിക്കുമ്പോഴും രാഷ്ട്രീയ വടംവലികൾ ശക്തമായി തുടരുകയാണ്.