ആവേശം കടലിരമ്പമായി; കേരളത്തിൽ പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചാരണം; മറ്റന്നാൾ വിധിയെഴുത്ത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാഴ്ച നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ സമാപനമായി. നഗര-ഗ്രാമ ഭേദമന്യേ രാഷ്ട്രീയ പാർട്ടികൾ അണിനിരത്തിയ റാലികളും റോഡ് ഷോകളും കൊടിതോരണങ്ങളും കൊണ്ട് കേരളം അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അകമ്പടി സേവിച്ച കലാശക്കൊട്ടിൽ വൻ ജനപങ്കാളിത്തമാണ് ഓരോ മണ്ഡലത്തിലും ദൃശ്യമായത്. വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണത്തിന്റെ സമയം അവസാനിച്ചതോടെ വോട്ടർമാരുടെ മനസ്സ് തേടിയുള്ള നിശബ്ദ പ്രചാരണത്തിലേക്ക് മുന്നണികൾ കടന്നു.​

തിരുവനന്തപുരത്തെ പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശം പതിവുപോലെ ജനശ്രദ്ധയാകർഷിച്ചു. പ്രധാന സ്ഥാനാർത്ഥികളായ വി.കെ. പ്രശാന്തും ആർ. ശ്രീലേഖയും കെ. മുരളീധരനും ക്രയിനുകളിലേറി പ്രവർത്തകരെ അഭിവാദ്യം ചെയ്തത് ആവേശം വാനോളമുയർത്തി. വി.കെ. പ്രശാന്ത് കൂളിംഗ് ഗ്ലാസ് ധരിച്ചും, ആർ. ശ്രീലേഖ കിരീടമണിഞ്ഞും, കെ. മുരളീധരൻ പാർട്ടി ഷാളണിഞ്ഞും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. സംസ്ഥാനത്തെ 2.71 കോടി വോട്ടർമാർ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തി തീരുമാനിക്കും.