താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് മുബഷിറ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു.താമരശ്ശേരിയിൽ ഡോക്ടറെ കണ്ടശേഷം ഭർത്താവ് അബ്ദുൽ കരീമിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുബഷിറ. ബസ്സും സ്കൂട്ടറും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിലിടിച്ചതാണ് അപകടത്തിന് കാരണമായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൽ കരീം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
താമരശ്ശേരിയിൽ ദാരുണ അപകടം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിടിച്ചു വീട്ടമ്മ മരിച്ചു
