കൊച്ചി: റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ചാനലിന്റെ ലൈസൻസ് ചോദ്യം ചെയ്തുകൊണ്ട് സാബു എം. ജേക്കബ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വാക്കാൽ വ്യക്തമാക്കിയത്. എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവരാണ് ചാനൽ നടത്തുന്ന ഇൻഡോ-ഏഷ്യൻ (INDOASIAN) കമ്പനിയുടെ ഡയറക്ടർമാർ.
നിയമപരമായ ചട്ടങ്ങൾ മറികടന്നാണ് ചാനലിന്റെ ലൈസൻസ് കൈമാറിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. നിലവിലെ ഡയറക്ടർമാർക്ക് ചാനൽ നടത്താൻ നിയമപരമായി അവകാശമില്ലെന്നും, ലൈസൻസ് കൈമാറിയ വിവരം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ ചാനൽ പ്രവർത്തനം തുടരുന്നത് ചട്ടവിരുദ്ധമാണെന്നാണ് സാബു എം. ജേക്കബിന്റെ പക്ഷം.
ലൈസൻസ് ഉടമയായ എം.വി. നികേഷ് കുമാറിനോട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. ഏപ്രിൽ രണ്ടിനകം മറുപടി നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നികേഷ് കുമാർ നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
