കോഴിക്കോട്: കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയും പുറമേരി സ്വദേശിനിയുമായ ഐശ്വര്യ രാമകൃഷ്ണനാണ് (22) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 9.50-ന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്കും ഫറോക്ക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്കും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഇതേ സ്ഥലത്തുവെച്ച് തന്നെ വന്ദേഭാരത് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വരുന്ന മെയ് മാസത്തിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഈ കേസ് പരിഗണിക്കും.
ട്രെയിനുകൾക്ക് നേരെ മുൻപും കല്ലേറുണ്ടായിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് ഇത്രയും ഗുരുതരമായി പരിക്കേൽക്കുന്നത് ഇതാദ്യമായാണ്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇടക്കിടെ ആവർത്തിക്കുന്ന ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നത്.
