തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഏഴ് നാൾ മാത്രം ബാക്കിനിൽക്കെ കേരളത്തിൽ പ്രചാരണം ശക്തമാകുന്നു. വോട്ടർമാരെ ആകർഷിക്കാൻ മൂന്ന് മുന്നണികളും പുതിയ തന്ത്രങ്ങൾ മെനയുകയാണ്. ഇതിന്റെ ഭാഗമായി എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും. വികസനത്തുടർച്ചയും പുതിയ വാഗ്ദാനങ്ങളുമായി ജനവിധി തേടാനാണ് ഇരുവിഭാഗത്തിന്റെയും നീക്കം.
ഇടതുമുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രകാശനം ചെയ്യും. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ, മറ്റ് ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും. ക്ഷേമപെൻഷനുകളുടെ വർദ്ധനവ്, ലൈഫ് മിഷൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങൾ ഇടതുപക്ഷത്തിന്റെ പത്രികയിൽ ഇടംപിടിച്ചേക്കും.
യുഡിഎഫിന്റെ പ്രകടനപത്രിക കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവർ ചേർന്ന് പുറത്തിറക്കും. നിലവിൽ കോൺഗ്രസ് പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരണ്ടി’ക്ക് പുറമെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികൾ എന്തൊക്കെയാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പിൽ നിർണ്ണായകമാകും.
