ഭോപ്പാൽ: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്നും വിവാഹസമയത്ത് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതായും കമ്മീഷൻ ആരോപിക്കുന്നു. ഈ വിഷയത്തിൽ ഏപ്രിൽ 22-ന് നേരിട്ട് ഹാജരാകാൻ കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ, തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ഇവരുടെ വിവാഹം പൂർണ്ണമായും നിയമപരമാണെന്ന് കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. താരത്തിന് 18 വയസ്സ് തികഞ്ഞെന്ന് ഉറപ്പുവരുത്തിയാണ് വിവാഹം നടന്നതെന്നായിരുന്നു തമ്പാനൂർ പൊലീസിന്റെ അന്നത്തെ നിലപാട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന് സി.പി.എം നേതാക്കൾ പിന്തുണ നൽകിയതിനെതിരെ ഉയർന്ന പ്രചരണങ്ങളെ പൊലീസ് അന്ന് തള്ളിക്കളഞ്ഞിരുന്നു.കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനൊപ്പം കേരളത്തിൽ അഭയം തേടിയെത്തിയ താരം, അച്ഛൻ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു എന്ന പരാതിയുമായാണ് തമ്പാനൂർ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് താരത്തിന്റെ താല്പര്യപ്രകാരം ഫർമാനൊപ്പം പോകാൻ പൊലീസ് അനുമതി നൽകുകയായിരുന്നു. എന്നാൽ, ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പുതിയ കണ്ടെത്തലുകൾ നിലവിൽ ഈ വിവാഹത്തെയും അതിന് പിന്നിലെ നിയമസാധുതയെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
