കനത്ത ചൂട്: കൊല്ലത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ആർദ്രതയും കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഈ അവധി ബാധകമായിരിക്കില്ല.

സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.