വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു; കായംകുളം വ്യാപാരി നേതാവിനെതിരെ പരാതി

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ 25 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കായംകുളം സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റുമായ സിനിൽ സബാദിനെതിരെയാണ് കൊല്ലം സ്വദേശിനിയായ യുവതി പരാതി നൽകിയത്. ഏപ്രിൽ നാലിനുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സിനിൽ സബാദ് തന്റെ മാറിടത്തിൽ കടന്നുപിടിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.​

അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ യുവതി വിവരം അധികൃതരെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തെങ്കിലും കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ആരോപണവിധേയനായ സിനിൽ സബാദിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.​

ഇത്തരമൊരു ഗുരുതരമായ പരാതി ലഭിച്ചിട്ടും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കാത്തത് ചർച്ചയാവുകയാണ്. എന്നാൽ, ലൈംഗികാതിക്രമ കേസായതിനാൽ കോടതി നേരിട്ട് മൊഴി രേഖപ്പെടുത്തേണ്ട നടപടിക്രമങ്ങൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.