കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഈ പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ പൂർണ്ണമായും തകർക്കുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരുമാനം എടുക്കുന്നതിന് മുൻപ് ബസ് ഉടമകളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഇത് പൊതുഗതാഗത സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി രേഖകൾ പ്രകാരം പ്രതിദിനം 19 ലക്ഷം സ്ത്രീകളാണ് സർവീസ് ഉപയോഗിക്കുന്നത്. ഇത്രയും പേർ സൗജന്യ യാത്രയിലേക്ക് മാറിയാൽ സ്വകാര്യ ബസുകൾക്ക് വിദ്യാർത്ഥികളെ മാത്രം കയറ്റി സർവീസ് നടത്തേണ്ടി വരുന്ന ഗതികേടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലുള്ളതെന്നും അവിടെ സ്വകാര്യ ബസുകൾ കുറവാണെന്നും ഗോപിനാഥൻ വ്യക്തമാക്കി. വി.ഡി. സതീശൻ നടത്തിയ പുതുയുഗ യാത്രക്കിടെ ഈ മേഖലയിലെ പ്രതിസന്ധികൾ അദ്ദേഹത്തെ അറിയിച്ചിരുന്നതായും, പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും സംഘടന ഓർമ്മിപ്പിച്ചു. അതിനാൽ, സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
