ചെന്നൈ: തമിഴ്നാട്ടിൽ ലഹരി ഉപയോഗവും വിൽപ്പനയും പൂർണ്ണമായി തടയുന്നതിനുള്ള ശക്തമായ നടപടികളുമായി മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ (TVK) സർക്കാർ മുന്നോട്ട്. ഇതിന്റെ ആദ്യ പടിയായി സംസ്ഥാനത്തെ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ സ്ഥിരമായി കർശന പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാന എക്സൈസ് കമ്മീഷണർ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
ലഹരിവിൽപ്പന തടയുന്നതിനും കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനുമായി പ്രാദേശിക തലത്തിൽ രഹസ്യവിവരങ്ങൾ കൈമാറാൻ ഇൻഫോർമർമാരെ നിയമിക്കാനും വിജയ് നിർദ്ദേശം നൽകിയതായാണ് വിവരം. ലഹരിമരുന്ന്, വ്യാജമദ്യം എന്നിവയുടെ നിർമ്മാണവും വിതരണവും നടക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ സ്ഥിരമായി റെയ്ഡ് നടത്തണമെന്നത് ഉൾപ്പെടെ 14 പ്രധാന നിർദ്ദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ലഹരിമുക്ത തമിഴ്നാട് എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കാർ ഈ നീക്കങ്ങൾ നടത്തുന്നത്.
