സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ; വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്ന് രാജ്ഭവൻ, നഗരത്തിൽ കടുത്ത നിയന്ത്രണം

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് രാജ്ഭവൻ (ലോക്ഭവൻ) നിർദ്ദേശം നൽകി. ലോക്സഭാ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വേദിയിലുണ്ടാകുമെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നെങ്കിലും, വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന നിലപാടിലാണ് രാജ്ഭവൻ. നേരത്തെ തമിഴ്‌നാട്ടിലും സമാനമായ രീതിയിൽ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കാര്യം പ്രോട്ടോകോൾ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സത്യപ്രതിജ്ഞാ വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കി.​

അതേസമയം, നാളത്തെ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചടങ്ങിലേക്ക് എത്തുന്ന പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞ തത്സമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ ക്രമീകരിക്കും. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനായി 4 ഗേറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും, അതിനുശേഷമേ മറ്റുള്ളവരെ പ്രവേശിപ്പിക്കൂ.​

സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നാളെ നഗരത്തിൽ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് നാല് മണി വരെ കടുത്ത ഗതാഗത, സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു. സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും അനുവദിക്കുക. ചടങ്ങിനെത്തുന്നവർ രാവിലെ 8 മണക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറേണ്ടതാണ്. ഒമ്പത് മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകളും സമീപത്തെ റോഡുകളും പൂർണ്ണമായി അടയ്ക്കുമെന്നും പോലീസ് അറിയിച്ചു.