തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്ത രേഖകളിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളുണ്ടെന്ന് വ്യക്തമാക്കുന്നു. നടന്നത് വലിയ രീതിയിലുള്ള കള്ളപ്പണ ഇടപാടാണെന്നും, വിദേശത്തേക്ക് ഹവാല പണം കടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നുമാണ് ഇ.ഡി അവകാശപ്പെടുന്നത്. ഇതേക്കുറിച്ച് സംസ്ഥാന സർക്കാരിനും പോലീസ് മേധാവിക്കും കൈമാറിയ 25 പേജുള്ള കത്തിലാണ് ഇ.ഡി നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഹവാല ഇടപാടുകൾക്കായി 16 അംഗങ്ങളുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഈ ഗ്രൂപ്പിൽ സജീവമായിരുന്നു. ഗ്രൂപ്പിലെ ഒരു നമ്പർ ‘മിനിസ്റ്റർ റിയാസ്’ എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, ഹവാല ഇടപാടുകാരനാണെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഈ വഴിവിട്ട ഇടപാടുകളിൽ കൂട്ടാളികളായെന്നാണ് കത്തിൽ പറയുന്നത്.
2024 മേയ് മാസത്തിലടക്കം വീണയും റിയാസും ഒരുമിച്ച് ദുബായിലേക്ക് യാത്ര നടത്തിയത് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. വീണയ്ക്ക് ദുബായിൽ വസ്ത്രവ്യാപാരം നടത്താനെന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ഈ യാത്രയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടിൽ മേയ് 27-ന് നടത്തിയ റെയ്ഡിലാണ് നിർണായക രേഖകൾ പിടിച്ചെടുത്തത്. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചിട്ടുണ്ടെന്നും, അതിന്റെ പകർപ്പുകൾ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ കത്തിലുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
